12/16/2011

കൂപമണ്ഡൂകം

                                        പതിവില്ലാതെ വെളിച്ചം കണ്ടപ്പോഴാണു തവളച്ചാർ കണ്ണു തുറന്നത്.തന്റെ കണ്ണുകൾ തന്നെ ചതിക്കുകയല്ല എന്നു മനസ്സിലാക്കാൻ തവളച്ചാർക്കു കുറച്ചു സമയം വേണ്ടി വന്നു.ശരിയാണു കിണറ്റിലേക്കു വെളിച്ചം വന്നിരിക്കുന്നു.അതിനർത്ഥം കിണറ്റിന്റെ മൂടി തുറക്കപ്പെട്ടിരിക്കുന്നു! ഏതാണ്ടു ഒരു വർഷത്തിനു ശേഷം!
                  മുകളിലേക്കു നോക്കണമെന്നുണ്ടായിരുന്നു,എന്നാൽ ഇത്രയും നാളുകൾക്കു ശേഷം വെളിച്ചം കണ്ടപ്പോൾ കണ്ണുകൾക്ക് ഒരു മഞ്ഞളിപ്പ്! തവളച്ചാർ പതിയെ വെള്ളത്തിലേക്കൂളിയിട്ടു.

                  വെള്ളത്തിലൂടെ നോക്കിയപ്പോൾ സംഗതി ശരിയാണു.കിണറ്റിന്റെ മൂടി തുറക്കപ്പെട്ടിരിക്കുന്നു.മാത്രമല്ല ആരൊക്കെയോ കുറേയേറെപ്പേർ കിണറ്റിലേക്കു നോക്കുന്നുമുണ്ടു.വളരെയേറെ ഉയരത്തിലായതിനാൽ സംഗതി വ്യക്തമല്ല.പിന്നെ കണ്ണുകളുടെ സ്ഥിതി പറഞ്ഞുവല്ലോ?
                 ട്ർർ........ട്ർർ........ട്ർർ........വെള്ളത്തിനു ചെറിയ പ്രകമ്പനം. ഓ മോട്ടറിട്ടതാണു.കുറേയേറെ നാളുകളായി അതും നിലച്ചിരിക്കുകയായിരുന്നല്ലോ!ഇനി ഏതാണ്ടു ഒരഞ്ചു മിനിട്ട് ആ സംഗീതം ആസ്വദിക്കാം.
               
                തവളച്ചാർ ആ സംഗീതം ആസ്വദിച്ചു കൊണ്ട് ഓർമ്മകൾ അയവിറക്കി.
                              ഓർമ്മ വച്ച കാലം മുതലേ ഈ കിണറ്റിലാണു.അന്ന് തൊട്ടിന്നു വരേയും ഒറ്റയ്ക്കുമാണു.അന്നൊക്കെ എന്തു രസമായിരുന്നു.പകൽ മുഴുവൻ നീലാകാശം നോക്കിയങ്ങനെ കിടക്കും.മാനത്തെ നിറങ്ങൾ മാറി മറിയുന്നതും നക്ഷത്രങ്ങളും ചന്ദ്രനും മറ്റും ഓടിയൊളിക്കുന്നതും മറ്റും........ആഹ്.....അതൊക്കെയൊരു കാലം!ഇടയ്ക്കൊക്കെ ഒരു തൊട്ടിയും കയറും ശ്ർ......എന്നും പറഞ്ഞു താഴെയെത്തും.....എന്നിട്ട് വെള്ളവും കോരിയങ്ങു പോകും.ഹായ് എന്തു രസമാണു ആ കാഴ്ച്ച കാണാൻ.താളത്തിൽ കറങ്ങി കറങ്ങി ആടിയുലഞ്ഞ് മദാലസയായി....വെള്ളത്തുള്ളികൾ തെറിപ്പിച്ച്....ഇടയ്ക്കിടെ നിന്നു നിന്നു......അങ്ങു പോകും. ചിലപ്പോഴൊക്കെ ഒരു സ്ത്രീയാണു വെള്ളം കോരുക.മറ്റു ചിലപ്പോൾ ഒരു ആൺപിറന്നോനും.........പിന്നീടു കുറേ നാളത്തേക്കു ആ സ്ത്രീയെ കാണാനേ ഉണ്ടായിരുന്നില്ല.
                              കുറച്ചു നാൾ കഴിഞ്ഞപ്പോൾ അവർ വന്നു.ഒക്കത്തൊരു കുട്ടിയുമുണ്ട്.അതിനു ഭക്ഷണം കൊടുക്കുകയാണു.കിണറ്റിലേക്കു ചൂണ്ടി എന്തൊക്കെയോ പറയുന്നുമുണ്ട്.ആ കുഞ്ഞു കൈകൾ ചൂണ്ടി എന്തൊക്കെയോ കാണിക്കുന്നു.തന്നെ കണ്ടിട്ടാകും.ദിനങ്ങൾ കൊഴിഞ്ഞു വീണു.ആ കൈക്കുഞ്ഞ് ഇപ്പോൾ വളർന്നു.ഇടയ്ക്കിടയ്ക്കു ഓരോ സാധനങ്ങൾ കൊണ്ടു വന്നിടും.ചിലപ്പോൾ ഭക്ഷണം.മറ്റു ചിലപ്പോൾ കളിപ്പാടങ്ങൾ.അപ്പോഴെല്ലാം താൻ കരുതി അവ തനിക്കായിരിക്കുമെന്നു.ഇടയ്ക്കിടയ്ക്കു വലിയ പാറക്കഷണങ്ങൾ വന്നു വീണപ്പോഴാണു ആ ധാരണ മാറിയതു.എങ്കിലും തനിക്കവളെ ഇഷ്ടമായിരുന്നു.
                             പിന്നീട് അമ്മയ്ക്കൊപ്പം അവളും കൂടി, വെള്ളം കോരാൻ.അവൾ വളരുന്നതു കണ്ടറിഞ്ഞു.അവളുടെ സന്തോഷങ്ങളും ദുഃഖങ്ങളും അവൾ വിളീച്ചു പറയുമായിരുന്നു.ആ ഭാവ ഭേദങ്ങൾ തനിക്കെന്നും മനഃപാഠമായിരുന്നു.
                             കുറച്ചു നാൾ കഴിഞ്ഞപ്പോൾ കിണറ്റിൽ മോട്ടോർ വന്നു.വെള്ളം കോരാൻ പിന്നെ ആരും വന്നിട്ടേയില്ല.വികാരങ്ങൾ പങ്കു വയ്ക്കാൻ അവളും.അരോചകമായിരുന്ന ട്ർർ....ശബ്ദത്തെ സ്നേഹിച്ചു തുടങ്ങിയതു പിന്നീടായിരുന്നു.
              

                             ട്ർർ.........തവളച്ചാർ ആ സംഗീതവും ആസ്വദിച്ചങ്ങനെ കിടന്നു.ഇന്നെന്താ മോട്ടോർ ഇത്രയും നേരമായിട്ടും ഓടിക്കൊണ്ടേയിരിക്കുന്നതു?ഇതു പതിവുള്ളതല്ലല്ലോ?വെള്ളത്തിൽ പൊങ്ങിക്കിടന്ന ആ വസ്തുവിലേക്കു തവളച്ചാർ ചാടിക്കയറി.എന്നിട്ട് മുകളീലേക്കു നോക്കി.കിണറ്റിന്റെ മൂടി മുഴുവനും തുറക്കപ്പെട്ടിരിക്കുന്നു.കുറേയേറെ ആൾക്കാർ താഴേക്കു ചൂണ്ടി എന്തൊക്കെയോ പറയുന്നുമുണ്ടൂ.
ആഹാ.....ഒരാൾ കയർ താഴേക്കിടുന്നുണ്ട്.എത്ര നാളായി വെള്ളം കോരുന്നതു കണ്ടിട്ട്!വെള്ളം കോരാൻ അവൾ വന്നെങ്കിൽ.....
                       മോട്ടോർ വന്നതിൽ പിന്നെ അവൾ ഇങ്ങോട്ട് വന്നിട്ടേയില്ല.പിന്നീടെപ്പൊഴോ കിണറ്റിനു മൂടിയും വന്നു.അതിനു ശേഷം എന്നും ഒറ്റയ്ക്കായിരുന്നു.കാഴ്ച നഷ്ടപ്പെട്ട് ഇരുട്ടിനെ സ്നേഹിച്ചു തുടങ്ങിയതു അപ്പോഴായിരുന്നു.ആകാശവും നക്ഷത്രങ്ങളും എങ്ങോ പോയി.
                     മൂന്നു നാലു ദിവസങ്ങൾക്കു മുൻപ് അവളുടെ ശബ്ദം കേട്ടു.മുകളിൽ അങ്ങിങ്ങായി നക്ഷത്രങ്ങൾ.സ്വപ്നം കാണുകയായിരുന്നൊ?ഒരു നിഴൽ അത് അവളായിരുന്നോ?....അവളുടെ സങ്കടങ്ങൾ പറഞ്ഞിട്ട് ഓടിപ്പോയി......ഏയ് അത് വെറുമൊരു സ്വപ്നമായിരുന്നു.

                                 ആ കയർ വഴി ആരോ താഴേക്കു വരുന്നുണ്ടല്ലോ.....തവളച്ചാർ പതിയെ വെള്ളത്തിലേക്ക് ഊളിയിട്ടു.കിൺറ്റിലെ വെള്ളം വളരെ താണിരിക്കുന്നു.
മോട്ടോർ അപ്പോഴും തന്റെ പ്രവൃത്തി തുടർന്നു കൊണ്ടേയിരുന്നു.
അയാൾ വെള്ളത്തിൽ കിടന്ന സാധനം കയറിൽ കെട്ടി.....എന്നിട്ട് മുകളിലേക്ക് പോയി....ആടിയാടി.......ആ സാധനത്തിൽ നിന്നു വെള്ളത്തുള്ളികൾ ഇറ്റു വീണു കൊണ്ടേയിരുന്നു.
                                   ആ സാധനം മുകളിലെത്തിയപ്പോഴാണു തവളച്ചാർക്ക് മനസ്സിലായത്, അത് അവളായിരുന്നു........

2 അഭിപ്രായങ്ങൾ:

  1. വളരെ വ്യത്യസ്തമായ കഥാ അവതരണം. ഇത്തരത്തില്‍ ഒരു ശ്രമം ആദ്യമായി കാണുകയാ. വിജയിച്ചതിന് അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  2. @ പൊട്ടൻ,
    ഈ കഥ വായിച്ചതിനും അഭിപ്രായം ഇട്ടതിനും വളരെ നന്ദി!

    മറുപടിഇല്ലാതാക്കൂ