6/27/2010

കലികാലത്തൊരു വിനോദയാത്ര!!!

ഇതെന്റെ സ്വന്തം അനുഭവമാണു.ഞാന്‍ കോളേജില്‍  അഭ്യസിച്ചിരുന്ന സമയത്തു സംഭവിച്ചതു.
2006 അവസാനമാണു ഞങ്ങള്‍ വിനോദ യാത്രക്കു തെരെഞ്ഞെടുത്തത്.ഫൈനല്‍ ഇയര്‍ ഡിപ്പാര്‍റ്റ്മെന്റുകളെല്ലാം അങ്ങനൊരു പരിപാടി ഇട്ടു.കൂട്ടത്തില്‍ ഞങ്ങളും!
ടൂറിനു വേണ്ടി തയ്യാരെടുത്തവര്‍ ആരൊക്കെയെന്നറിയണ്ടേ?-ഞങ്ങള്‍ പതിനൊന്നു കുമാരന്മാരും ബാക്കി 22 കുമാരിമാരും.അങ്ങനെ ആകെ മൊത്തം 35 പേര്‍.----???-ബാക്കി രണ്ട് പേര്‍ അദ്ധ്യാപകരാണു ഹേ!
ടീമംഗങ്ങളെ മുഴുവന്‍ പരിചയപ്പെടുത്തുന്നില്ല.വ്യത്യസ്തരായ ചിലരെ മാത്രം പരിചയപ്പെടുത്താം.(വിഷമിക്കണ്ട,തരുണീമണികളെക്കുറിച്ച് വഴിയേ പറയാം.)
ടൂര്‍ കോ ഓര്‍ഡിനേറ്റര്‍ ജസ്റ്റിന്‍ സാര്‍ ആണു.പുള്ളിക്കിത് സ്ഥിരം പരിപാടിയാണു....ടൂറേ!  ‘കറവ‘ എന്നു ഓമന്‍പ്പേരുള്ള അപ്പുക്കുട്ടന്‍ എന്നു വിശേഷിപ്പിക്കുന്ന ‘........’നു ആയിരുന്നു മറ്റു ചുമതലകള്‍.ആള്‍ മഹാ കേമനായതു കൊണ്ട് ഖജാന്‍ ജി ആയി നമ്മുടെ സ്ഥിരം ‘പിരിവുപെട്ടിയെ’ ഏല്‍പ്പിക്കേണ്ടി വന്നു.അങ്ങനെ അവള്‍ ഈ പ്രോഗ്രാമിലും പിരിവുകാരിയായി!
കാത്തിരുന്ന ആ സുദിനം എത്തി.അന്നേ ദിവസം കോളേജില്‍ നിന്നും 3.00 p.m നു വണ്ടി വിടണം,നേരേ കര്‍ണ്ണാടകയ്ക്കു.അതാണു പ്ലാന്‍.
കാലത്തേ മുക്കാലോടും ഉച്ചേ കാലോടും കൂടി എല്ലാവരും എത്തി.കറവയൊഴികെ.പുള്ളി വണ്ടിക്ക് പോയിരിക്കുവല്ലേ.പലരും പരിവാരങ്ങള്‍ക്കൊപ്പമാണു എത്തിയിരിക്കുന്നത്.ഹോസ്റ്റല്‍ വാസികളായ ചില തരുണികള്‍ ഒറ്റക്കായിരുന്നു.ഒപ്പം എന്നെ പോലെയുള്ള ധൈര്യശാലികളും.അപ്പോഴാണു നമ്മുടെ ചിന്നന്‍ പരിവാരങ്ങളുമായി എത്തിയതു.ഒരു മാരുതിയില്‍ ഇത്രയും ആളു കയറുമെന്നു അപ്പോഴാണു ഞങ്ങള്‍ക്കു മനസ്സിലായതു!ഒരു കുഞ്ഞു പെട്ടിയുമായി ജസ്റ്റിന്‍ സാറും ഒരു യമണ്ടന്‍ ബാഗുമായി നിഷ റ്റീച്ചറും.അന്നവധി ദിവസമായിട്ടും പൂവാലന്മാര്‍ അവിടെ ചുറ്റിപ്പറ്റി നില്‍പ്പുന്ടായിരുന്നു.പൈങ്കിളികള്‍ യാത്ര പോകുമ്പോള്‍ അവര്‍ക്കു വരാതിരിക്കാനാകുമോ?( കാക്കകളേയും മൂങ്ങകളേയും പൈങ്കിളി എന്നു വിളിക്കാമോ എന്തോ? )
സമയമായി.ശകടം ഇതു വരെയും എത്തിയില്ല.കറവയാണെങ്കില്‍ പരിധിക്കു പുറത്തും!മണി നാലായി.നോ രക്ഷ!ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി.അല്ലാതെന്തു ചെയ്യാന്‍.പെണ്മണികള്‍ അവരവരുടെ ബിസിനസ്സിലാണു(പേന്‍ നോക്കല്‍,വെടി പറച്ചില്‍....).അതിനിടയ്ക്കാണു ഞങ്ങളുടെ ഒരു നോട്ടം!
അഞ്ച് മണിയായി.വെട്ടി വിഴുങ്ങിയതൊക്കെ പന്‍ചാരയായി.ചുറ്റിനും തരുണീമണികള്‍ നില്‍ക്കുമ്പോള്‍ അന്നജം പന്‍ചാരയായില്ലെങ്കിലേ അദ്ഭുതമുള്ളു ( ഗതി കിട്ടാഞ്ഞാല്‍ കാക്കയേയും മൂങ്ങയേയും പൈങ്കിളി എന്നു വിശേഷിപ്പിക്കാം എന്ന് ഇതിനാല്‍ സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു!!! ).
അങ്ങനെ അവളുമാരോടു പഞ്ചാരക്കാര്യവും ( ഗ്ലൂക്കോസ് മെറ്റബോളിസത്തെപ്പറ്റി റ്റീച്ചര്‍ ക്ലാസ്സെടുട്ത്തത് ) 
പറഞ്ഞോണ്ടിരിക്കുമ്പോഴാണു നമ്മുടെ ശകടം വരുന്നതു കണ്ടത്.അത്ര കേമമായിരുന്നു ആ വരവ്.കടലില്‍ക്കൂടി സ്പീഡ് ബോട്ട് വരില്ലേ?അതു പോലെ തന്നെ.ലോറിയില്‍ വയ്ക്കോല്‍ കൊണ്ടു പോകുന്ന പോലുണ്ട് അതിന്റെ ബോഡി!!ഏതായാലും കറവയെ എല്ലാരും കൂടി കറന്നു!
ശ്രീനിവാസനെപ്പോലുള്ള ഡ്രൈവറും സലിം കുമാറിനു മീശ വച്ചതു പോലുള്ള കിളിയും.പോരേ പൂരം.
എല്ലാവരോടും കരഞ്ഞുകൊണ്ടു യാത്ര പറഞ്ഞു.മറ്റൊന്നും കൊണ്ടല്ല വിഷമം കൊണ്ടാ!ഈ ചക്കടാ വണ്ടിയില്‍ ഒരാഴ്ച്ച എന്റമ്മോ!!!
ആടിയുലഞ്ഞുള്ള യാത്ര ആരംഭിച്ചു.സംഭവ ബഹുലമായ ഒരു യാത്ര.

********************************************************************************
NH ല്‍ കയറിയപ്പോഴേക്കും വണ്ടി ആററുപതില്‍ പറക്കാന്‍ തുടങ്ങി.ഡ്രൈവറണ്ണന്റെ കഴിവില്‍ ഞങ്ങള്‍ ഹര്‍ഷപുളകിതരായി.ഫോട്ടോയെടുക്കാനായി ഞാന്‍ ചാടിയെണീറ്റു. ധിം തരികിട തോം!ദേ കിടക്കുന്നു താഴെ.എന്റെ ആ സ്റ്റെപ്പ് കണ്ടിഷ്ടപ്പെട്ടായിരിക്കണം പലരും ഡാന്‍സു കളിക്കാനായി ചാടിയെണീറ്റു.മമ്മൂക്കയെ വെല്ലുന്ന ചുവടുകളുമായി പലരും രംഗത്തെത്തി!
7.00 മണി കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ എറണാകുളത്തെത്താറായിരുന്നു.ഡ്രൈവറണ്ണന്റെ കഴിവില്‍ ഞങ്ങള്‍ വീണ്ടും ഹര്‍ഷപുളകിതരായി!
അതു വരെയും പുള്ളിക്കാരന്‍ കീ...കീ... ആണടിച്ചോണ്ടിരുന്നതു.വഴിയരുകില്‍ പതുങ്ങിക്കിടന്ന ഹൈവേ പെട്രോളിനെ കണ്ടതും ഒരുഗ്രന്‍ എയര്‍ ഹോണങ്ങ് മുഴക്കി!എന്നിട്ടും മതിയാകാഞ്ഞ് വീണ്ടും മുഴക്കിക്കൊണ്ട് വണ്ടി പാഞ്ഞു.എന്നിട്ട് ഞങ്ങളെ നോക്കി കണ്ണിറുക്കി കാണിച്ചു.ഒപ്പം ഒരു ചിരിയും.”ഡ്രൈവറണ്ണന്‍ ആളൊരു പുലിയാ”.ആരോ പറഞ്ഞു.ഡ്രൈവറണ്ണന്റെ കഴിവില്‍ ഞങ്ങള്‍ വീണ്ടും പുളകിതരായി.
അപ്പോഴാണു ഹൈവേ പെട്രോള്‍ കൂ കൂ എന്നും പറഞ്ഞു പാഞ്ഞു വന്നു വണ്ടിക്കു കുറിക്കിട്ടത്.
ഡ്രൈവറണ്ണന്‍ വണ്ടി ചവിട്ടി നിര്‍ത്തിയിട്ട് ചാടിയിറങ്ങി നാലു തെറി.പോലീസേമാന്മാര്‍ ഡ്രൈവറണ്ണനെ തൊഴുതു കൊണ്ടു പോയി.
കടപ്പാട്‌:http://technoparkliving.com
ഡ്രൈവറണ്ണന്‍ പുപ്പുലിയാ.ആരോ പറഞ്ഞു.
ഈ സമയം നമ്മുടെ കറവ സ്പൈ വര്‍ക്ക് ആരംഭിച്ചിരുന്നു.ജീപ്പിന്റെ മറവില്‍ നടന്ന സംഭവങ്ങള്‍ അവന്‍ വള്ളി പുള്ളി വിടാതെ ഞങ്ങളോട് പറഞ്ഞു.എയര്‍ ഹോണടിച്ചതിനു 500/- പിഴയും തെറി വിളിച്ചതിനു കരണക്കുറ്റിക്കിട്ട് രണ്ടെണ്ണവും.ഡ്രൈവറണ്ണന്‍ അവരുടെ കാലില്‍ വീണ സമയത്തു കറവ തിരികെ പോന്നു.
തിരികെ വണ്ടിയില്‍ കയറിയിട്ട് ഡ്രൈവറണ്ണന്‍ ഞങ്ങളോടൊരു ചോദ്യം.


“ഈ ഹൈവേ പെട്രോളെന്നാല്‍ പോലീസാണല്ലേ?”

ഡ്രൈവറണ്ണന്റെ കഴിവില്‍ ഞങ്ങള്‍ വീണ്ടും വീണ്ടും ഹര്‍ഷപുളകിതരായി.

തുടരും......
രണ്ടാം ഭാഗം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ